Saturday, August 25, 2007

സ്വപ്നങ്ങള്‍

ചൈനയിലെ ഒരു പുരാതന താവോഗുരുവായിരുന്ന ചാങ് ട്സൂ രാത്രി ഒരു സ്വപ്നം കണ്ടു..
അദ്ദേഹം ഒരു ചിത്രശലഭമായി പറന്നുനടക്കുന്നു !!

അതിനൊരിയ്ക്കലും മനുഷ്യനാണെന്ന തോന്നല്‍ ഉണ്ടായതേയില്ല..മലര്‍വാടികളിലും പൂക്കളിലുമായി അതിങ്ങനെ ഉല്ലസിച്ചു നടന്നു..

“ചിത്രശലഭമെന്ന് സ്വപ്നം കാണുന്ന ഞാനോ.. ഞാനെന്ന് സ്വപ്നം കാണുന്ന ചിത്രശലഭമോ, ഞാന്‍? “

ചാങ് ട്സൂ അന്ന് ശിഷ്യന്മാര്‍ക്കായി കൊടുത്ത ചോദ്യമതായിരുന്നു

ഒഴുക്കിനൊപ്പം

ഒരപ്പൂപ്പന്‍ വെള്ളച്ചാട്ടത്തില്‍ പെട്ടുപോയി..കണ്ടു നിന്നവരെല്ലാം അദ്ദേഹം മരിച്ചെന്നുതന്നെ കരുതി..
അത്ഭുതകരമായി, ഒരു പോറലുമില്ലാതെ അദ്ദേഹം രക്ഷപെട്ടു....

ഹൊ അത്ഭുതം തന്നെ..എങ്ങനെയാണ് അപ്പൂപ്പന്‍ ഒരു കുഴപ്പവുമില്ലാതെ രക്ഷപെട്ടത്? ആളുകള്‍ ചോദിച്ചു

അത് വളരെ എളുപ്പമല്ലേ..വെള്ളത്തില്‍ വീണതുമുതല്‍ ഞാന്‍ വെള്ളത്തോടങ്ങ് ചേര്‍ന്നുപോയി..വെള്ളം എന്നോട് താദാത്മ്യപ്പെടുകയല്ലുണ്ടായത്..ചുഴികളില്‍ ചുഴിയായും ആഴത്തിലാഴമായും ഞാനങ്ങനെ വെള്ളത്തിലങ്ങ് കഴിഞ്ഞു..യാതൊരു ചിന്തയുമില്ലാതെ......
അങ്ങനങ്ങ് രക്ഷപെട്ടു !

നിന്റെ കൈകളില്‍

ധ്യാനഗുരുവിന്റെയരികെ ഒരു ചെറുപ്പക്കാരനെത്തി..കൈയ്ക്കുള്ളില്‍ ഒരു കുഞ്ഞു കിളിയേയും കൊണ്ടായിരുന്നു അവന്റെ വരവ്..

“അതേ ഈ കുരുവി ജീവനുള്ളതാണോ ജീവനില്ലാത്തതാണൊ?

ഗുരുവിനെ പരീക്ഷിയ്ക്കുകയായിരുന്നു അവന്റെ ലക്ഷ്യം....

“അതിനുത്തരം നിന്റെ കൈകളിലാണല്ലോ“

പുഞ്ചിരിച്ച് കൊണ്ട് ഗുരു മറുപടി നല്‍കി

സത്രം

ഒരു നാള്‍ ധ്യാനഗുരു രാജാവിന്റെ കൊട്ടാരത്തിലേയ്ക്ക് നടന്ന് ചെന്നു..ആരും അദ്ദേഹത്തിനെ തടഞ്ഞില്ല..

അദ്ദേഹം നേരേ രാജാവിന്റെ സഭയിലേയ്ക്കാണ് ചെന്നത്..ആളേ മനസ്സിലാക്കിയ രാജാവ് ബഹുമാനത്തോടെ അദ്ദേഹത്തോട് ചോദിച്ചു..

അങ്ങേയ്ക്ക് എന്തു വേണം ഗുരോ?

“എനിയ്ക്കീ സത്രത്തില്‍ ഒരുരാത്രി സുഖമായി ഒന്ന് ഉറങ്ങണമെന്നുണ്ട്..“
“സത്രമോ? ഗുരോ ഇതെന്റെ കൊട്ടാരമാണ്..അങ്ങേയ്ക്ക് വഴിതെറ്റിയതാവും“..രാജാവ് പറഞ്ഞു..

ഓഹോ..ഇവിടെയാരാണ് മുന്‍പുണ്ടായിരുന്നത്..? ഗുരുവിനു സംശയമായി..

അതെന്റെ പിതാവാണ്..അദ്ദേഹം മരിച്ചുപോയി..

അതിനും മുന്‍പോ?


എന്റെ മുത്തച്ഛനാണ്.. അദ്ദേഹവും മരിച്ചുപോയി..രാജാവ് പറഞ്ഞു..


കുറച്ച് നാള്‍ ആള്‍ക്കാര്‍ താമസിച്ചിട്ട് എവിടേയ്ക്കോ പോകുന്ന സ്ഥലത്തെയല്ലേ സത്രം എന്ന് പറയുന്നത്......?


ഗുരുവിന് സംശയം തീര്‍ന്നിട്ടില്ലായിരുന്നു..




****************************************************************************







കഥകള്‍: അവലംബം

ചിത്രം: അവലംബം