ചൈനയിലെ ഒരു പുരാതന താവോഗുരുവായിരുന്ന ചാങ് ട്സൂ രാത്രി ഒരു സ്വപ്നം കണ്ടു..
അദ്ദേഹം ഒരു ചിത്രശലഭമായി പറന്നുനടക്കുന്നു !!
അതിനൊരിയ്ക്കലും മനുഷ്യനാണെന്ന തോന്നല്‍ ഉണ്ടായതേയില്ല..മലര്‍വാടികളിലും പൂക്കളിലുമായി അതിങ്ങനെ ഉല്ലസിച്ചു നടന്നു..
“ചിത്രശലഭമെന്ന് സ്വപ്നം കാണുന്ന ഞാനോ.. ഞാനെന്ന് സ്വപ്നം കാണുന്ന ചിത്രശലഭമോ, ഞാന്‍? “
ചാങ് ട്സൂ അന്ന് ശിഷ്യന്മാര്‍ക്കായി കൊടുത്ത ചോദ്യമതായിരുന്നു
ഒഴുക്കിനൊപ്പം
ഒരപ്പൂപ്പന്‍ വെള്ളച്ചാട്ടത്തില്‍ പെട്ടുപോയി..കണ്ടു നിന്നവരെല്ലാം അദ്ദേഹം മരിച്ചെന്നുതന്നെ കരുതി..
അത്ഭുതകരമായി, ഒരു പോറലുമില്ലാതെ അദ്ദേഹം രക്ഷപെട്ടു....
ഹൊ അത്ഭുതം തന്നെ..എങ്ങനെയാണ് അപ്പൂപ്പന്‍ ഒരു കുഴപ്പവുമില്ലാതെ രക്ഷപെട്ടത്? ആളുകള്‍ ചോദിച്ചു
അത് വളരെ എളുപ്പമല്ലേ..വെള്ളത്തില്‍ വീണതുമുതല്‍ ഞാന്‍ വെള്ളത്തോടങ്ങ് ചേര്‍ന്നുപോയി..വെള്ളം എന്നോട് താദാത്മ്യപ്പെടുകയല്ലുണ്ടായത്..ചുഴികളില്‍ ചുഴിയായും ആഴത്തിലാഴമായും ഞാനങ്ങനെ വെള്ളത്തിലങ്ങ് കഴിഞ്ഞു..യാതൊരു ചിന്തയുമില്ലാതെ......
അങ്ങനങ്ങ് രക്ഷപെട്ടു !
നിന്റെ കൈകളില്‍
ധ്യാനഗുരുവിന്റെയരികെ ഒരു ചെറുപ്പക്കാരനെത്തി..കൈയ്ക്കുള്ളില്‍ ഒരു കുഞ്ഞു കിളിയേയും കൊണ്ടായിരുന്നു അവന്റെ വരവ്..
“അതേ ഈ കുരുവി ജീവനുള്ളതാണോ ജീവനില്ലാത്തതാണൊ?
ഗുരുവിനെ പരീക്ഷിയ്ക്കുകയായിരുന്നു അവന്റെ ലക്ഷ്യം....
“അതിനുത്തരം നിന്റെ കൈകളിലാണല്ലോ“
പുഞ്ചിരിച്ച് കൊണ്ട് ഗുരു മറുപടി നല്‍കി
സത്രം
ഒരു നാള്‍ ധ്യാനഗുരു രാജാവിന്റെ കൊട്ടാരത്തിലേയ്ക്ക് നടന്ന് ചെന്നു..ആരും അദ്ദേഹത്തിനെ തടഞ്ഞില്ല..
അദ്ദേഹം നേരേ രാജാവിന്റെ സഭയിലേയ്ക്കാണ് ചെന്നത്..ആളേ മനസ്സിലാക്കിയ രാജാവ് ബഹുമാനത്തോടെ അദ്ദേഹത്തോട് ചോദിച്ചു..
അങ്ങേയ്ക്ക് എന്തു വേണം ഗുരോ?
“എനിയ്ക്കീ സത്രത്തില്‍ ഒരുരാത്രി സുഖമായി ഒന്ന് ഉറങ്ങണമെന്നുണ്ട്..“
“സത്രമോ? ഗുരോ ഇതെന്റെ കൊട്ടാരമാണ്..അങ്ങേയ്ക്ക് വഴിതെറ്റിയതാവും“..രാജാവ് പറഞ്ഞു..
ഓഹോ..ഇവിടെയാരാണ് മുന്‍പുണ്ടായിരുന്നത്..? ഗുരുവിനു സംശയമായി..
അതെന്റെ പിതാവാണ്..അദ്ദേഹം മരിച്ചുപോയി..
അതിനും മുന്‍പോ?
എന്റെ മുത്തച്ഛനാണ്.. അദ്ദേഹവും മരിച്ചുപോയി..രാജാവ് പറഞ്ഞു..
കുറച്ച് നാള്‍ ആള്‍ക്കാര്‍ താമസിച്ചിട്ട് എവിടേയ്ക്കോ പോകുന്ന സ്ഥലത്തെയല്ലേ സത്രം എന്ന് പറയുന്നത്......?
ഗുരുവിന് സംശയം തീര്‍ന്നിട്ടില്ലായിരുന്നു..
****************************************************************************
ശുകനാദം
“സര്‍വ്വഗേ, സര്‍വ്വരൂപേ, ജഗന്മാതൃകേ പാഹിമാം, പാഹിമാം, ദേവി മാം, ദേവി! തുഭ്യം നമോ ദേവി! തുഭ്യം നമോ, ദേവി!തുഭ്യം നമഃ“
Saturday, August 25, 2007
Saturday, October 21, 2006
കാരുണ്യം
കാരുണ്യം
ഒരു ജീവന്‍, ഭൂമിയിലേയ്ക്ക് വരുവാനായി തയ്യാറെടുക്കുകയായിരുന്നു...
അത് ദൈവത്തിനോട് പറഞ്ഞു.
"ദൈവമേ..അങ്ങയുടെ സംരക്ഷണമില്ലാതേയും അങ്ങയെ കാണാതേയും ഞാനെങ്ങനെയാണീ ഭൂമിയില് കഴിയുക?അങ്ങയുടെ സാമീപ്യമില്ലാതെ എനിയ്ക്ക് ഒരു നിമിഷം പോലും കഴിയാനാവില്ല..കരയ്ക്ക് പിടിച്ചിട്ട മത്സ്യത്തിനെപ്പോലെയായിപ്പോകുമല്ലോ ഞാന്‍..
ഭഗവാനേ..അങ്ങ് എപ്പോഴും എന്നെ നോക്കിക്കൊള്ളാമെന്നു വാക്കു തന്നാല്‍ മാത്രമേ ഞാന്‍ ഭൂമിയിലേയ്ക്കു പോകുകയുള്ളൂ..."
"കുഞ്ഞേ...ഭഗവാന്‍ പറഞ്ഞു.. ഭൂമിയില്‍ നിന്നോടൊപ്പമെപ്പോഴും ഞാനുണ്ടാവും..
ഒരിയ്ക്കലും ഞാന്‍ നിന്നെ ഒറ്റയ്ക്കാക്കില്ല..."
ആ ജീവന്‍ ഭൂമിയിലെത്തി...ഒരു മനുഷ്യനായി ജീവിതം തുടങ്ങി..
എല്ലാ മനുഷ്യരേയും പോലെ സന്തോഷങ്ങള്‍, ദുരിതങ്ങള്‍, ദുഃഖങ്ങള്‍....
കാലമൊരുപാട് കഴിഞ്ഞു...അതിന്റെ കെട്ടുകളെല്ലാമഴിഞ്ഞപ്പോള്‍ അത് വീണ്ടും ദൈവത്തിനരികിലെത്തി...
"എങ്ങനേയുണ്ടായിരുന്നു കുഞ്ഞേ നിന്റെ ഭൂമിയിലുള്ള നാളുകള്‍....സുഖമായിരുന്നില്ലേ..? അദ്ദേഹം ചോദിച്ചു.
"അങ്ങെന്നെ പറ്റിച്ചു "..അതിന് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല..
"എപ്പോഴും എന്റെ കൂടെയുണ്ടാകുമെന്ന് പറഞ്ഞിട്ട്?..ഞാനെന്തൊക്കെ ദുഃഖങ്ങള്‍ സഹിച്ചു..ഞാനെത്ര സുഖങ്ങള്‍ അനുഭവിച്ചു...ആരുമില്ലായിരുന്നു എന്റെ കൂടെ.....
ഒരു കൂട്ടിനായി ഞാനെവിടെയെല്ലാം അങ്ങയെ നോക്കി? അങ്ങെവിടെയായിരുന്നു?..അങ്ങയെ കാണാനാകാതെ ഞാന്‍ ...ഇത്രയും നാള്‍ ഒറ്റയ്ക്കായിരുന്നല്ലോ എന്നോര്‍ത്ത് എനിയ്ക്ക് സഹിയ്ക്കാന്‍ പറ്റുന്നില്ല"...
അതിരുന്ന് കരയാന്‍ തുടങ്ങി..
ഭഗവാന്‍ കാരുണ്യത്തോടേ അതിനെ വാരിയെടുത്തു..മൂര്‍ദ്ധാവില്‍ ചുംബിച്ചു..
എന്നിട്ടു പറഞ്ഞു.
" ഞാന്‍ പറഞ്ഞ പോലെ തന്നെ , എപ്പോഴും നിന്റെ കൂടെത്തന്നെയുണ്ടായിരുന്നുവല്ലോ... നീ നോക്കൂ.."
അതിന്റെ കഴിഞ്ഞ ജീവിതം മുഴുവന്‍ ദൈവമതിനു കാണിച്ചു കൊടുത്തു.....
"നീയാ ജീവിതം മുഴുവനുമുള്ള കാല്‍പ്പാടുകള്‍ നോക്കൂ..എപ്പോഴും നാലു കാല്‍പ്പാടുകള്‍ കാണുന്നില്ല്ലേ..ഒന്ന് നിന്റേതും ഒന്നെന്റേതുമാണ്...നിന്റെ പരാതി മാറിയോ..?"
"ഇതെന്താ ചിലയിടത്ത് ഒരാളുടെ കാല്‍പ്പാടുകള്‍ മാത്രമേ കാണുന്നുള്ളുവല്ലോ".?..
അത് സൂക്ഷിച്ച് നോക്കിയിട്ട് ചോദിച്ചു..
"അത് നിന്റെ ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ സമയമായിരുന്നു.."
"എല്ലായ്പ്പോഴും എന്റെ കൂടെയുണ്ടാകും എന്നു പറഞ്ഞിട്ട് ദുരിതങ്ങളില്‍ എന്നെ വിട്ടിട്ടു പോയല്ലേ...ഞാനാലോചിക്കാറുണ്ടായിരുന്നു..ദുഃഖം വരുമ്പോള്‍ ദൈവം പോലും എന്നെ കൈവിട്ടോ എന്ന്..അതു സത്യമാണല്ലേ...?
ദൈവമൊന്നു മന്ദഹസിച്ചു..അതിനെ ഒന്നുകൂടെ ചേര്‍ത്തുനിര്‍ത്തിയിട്ടു സ്നേഹത്തോടെ പറഞ്ഞു..
കുഞ്ഞേ... ദുരിതങ്ങളില്‍ നീ കാണുന്നത് എന്റെ കാല്‍പ്പാടുകളാണ്......
അന്നൊക്കെ നീയെന്റെ ചുമലിലായിരുന്നുവല്ലോ......
******************************************************************
ഒരിടത്ത് ഒരു ഗുരുവും ശിഷ്യനും ഉണ്ടായിരുന്നു
ശിഷ്യന് സന്യാസം വിട്ട് വിവാഹം കഴിയ്ക്കണമെന്ന ആഗ്രഹം കലശലായി..
ആഗ്രഹം ഗുരുവിനെ അറിയിച്ചു..
"നിന്റെയാഗ്രഹമതാണെങ്കില്‍ അങ്ങനെ...
പത്തു കൊല്ലം നിനക്ക് വിവാഹ ജീവിതം നയിയ്ക്കാം..
അതു കഴിഞ്ഞ് ഞാന്‍ വന്നു വിളിയ്ക്കും...എന്റെ കൂടെ ഇറങ്ങിപ്പോരണം.."
ശരി..ശിഷ്യന്‍ സമ്മതിച്ചു..
അനുഗ്രഹവും വാങ്ങി യാത്രയായി..വിവാഹം കഴിച്ച് സുഖമായി ജീവിയ്ക്കാന്‍ തുടങ്ങി..
പത്ത് കൊല്ലമായി...ഗുരു ശിഷ്യന്റെ വീട്ടില്‍ ചെന്നു...
"ഗുരോ...ഇപ്പോഴൊരു കുഞ്ഞുണ്ടായതേയുള്ളൂ..അവന്‍ വലിയ പണ്ഡിതനായിക്കാണാനൊരു മോഹം.. ഒരു പത്തു കൊല്ലം കൂടെ..."
"ശരി മകനേ,...ഞാനിനി പത്ത് കൊല്ലം കഴിഞ്ഞ് വരാം.."
പത്ത് കൊല്ലം പെട്ടന്നങ്ങ് പോയി...ഗുരു വീണ്ടും വന്നു...
"ഗുരോ..ഒരു പെണ്‍കുഞ്ഞുണ്ടായി..ഇതാ എട്ട് വയസ്സാകുന്നു... പത്ത് കൊല്ല്ലം കൂടി കഴിഞ്ഞ് അവളുടെ വിവാഹം...അത് കഴിഞ്ഞ് ഞാന്‍ വരാം..."
ഗുരു കുട്ടികളേയും അനുഗ്രഹിച്ചിട്ട് യാത്രയായി..
വീണ്ടും പത്ത് കൊല്ലം കഴിഞ്ഞു ...ഗുരു വന്നു
"ഗുരോ പേരക്കിടാങ്ങളൊക്കെയായി...ചെറിയ കുട്ടികള്‍...മക്കള്‍ക്കെല്ലാം ജോലിയായി...കുഞ്ഞുങ്ങളെ ഞങ്ങള്‍ തന്നെ നോക്കണം...അവരൊന്ന് വലുതായിക്കോട്ടേ..അവരവരുടെ കാര്യം നോക്കാറാകുമ്പോള്‍ ഞാന്‍ അങ്ങയുടെ കൂടെ വരാം.."
"ശരി മകനേ"...അപ്പോഴും ഗുരു എതിര്‍ത്തൊന്നും പറഞ്ഞില്ല.
പേരക്കിടാങ്ങള്‍ക്കായി കൊണ്ടു വന്ന മധുരം അവര്‍ക്കു നല്‍കി , ഗുരു യാത്രയായി..
പിന്നേയും കാലം കുറേ കടന്നു പോയി..പത്ത് കൊല്ലം കഴിഞ്ഞ് ഗുരുവെത്തി...
"ഗുരോ..അച്ഛന്‍ മരിച്ചു ...ഒരു കൊല്ലമായി..." മകന്‍ പറഞ്ഞു...
ഗുരു അവിടെയൊക്കെ നോക്കി...
വീട്ടു മുറ്റത്തൊരു നായയെ കെട്ടിയിട്ടിരിയ്ക്കുന്നു..ഗുരുവിനാളെ പെട്ടെന്നു മനസ്സിലായി..
"നീ വീണ്ടും ഇവിടെ തന്നെ വന്നുവല്ലേ..ഇപ്പോഴെങ്കിലും എന്റെ കൂടെ വരുന്നോ?..
ഗുരു ചോദിച്ചു..
"ഗുരോ...എന്തുകഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടും പണവുമൊക്കെയാണ്....ഞാനിത് രാത്രി മുഴുവന്‍ നോക്കിയില്ലേല്‍ പിന്നെയാരാണ്..?
..അങ്ങ് ഒരു പത്തു കൊല്ലം കൂടി കഴിഞ്ഞു വരൂ...അപ്പോഴാകാം.."
ശരി ..ഗുരു നടന്നു പോയി..
വീണ്ടും ഒരു പത്തു കൊല്ലം കഴിഞ്ഞു..നായ ചത്തുപോയിരുന്നു..
അതൊരു പാമ്പായി ജനിച്ച് ആ വീട്ടിലെ തന്നെ നിലവറയില്‍ പണപ്പെട്ടിയെ ചുറ്റിയിരിയ്ക്കുന്നു...
വീട്ടുകാര്‍ ആ പാമ്പിനെ കണ്ടു......
കുറേയേറെ തല്ലു കിട്ടിയിരുന്നു ഗുരുവെത്തിയപ്പോള്‍..
"ഇനി തല്ലേണ്ടാ...ഞാന്‍ ഇതിനെ കൊണ്ടു പൊയ്ക്കോളാം..."
ഗുരുവില് വിശ്വാസമുണ്ടായിരുന്ന വീട്ടുകാര്‍ പിന്നെയതിനെ തല്ലിയില്ല...
എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ഗുരു ചോദിച്ചു..
"പോകാം അല്ലേ..."
"ഗുരോ....പോകാം .."
മഹാ കാരുണ്യവാനായ ഗുരു , തല്ലു കൊണ്ട് അവശനായ ആ പാമ്പിനേയുമെടുത്ത് തോളിലിട്ട് യാത്രയായി.....
(ആചാര്യന്‍ ശ്രീ. നൊച്ചൂര്‍ വെങ്കിട്ടരാമനോട് കടപ്പാട്..)
Friday, October 13, 2006
ദാഹം
ഒരു ദിവസം ഒരു ഗുരുവും ശിഷ്യന്മാരും ധ്യാനത്തിലിരിയ്ക്കുമ്പോള്‍ വലിയ ഒരു ഭൂമികുലുക്കം ഉണ്ടായി..
ക്ഷേത്രം മുഴുവന്‍ കുലുങ്ങി....കുറച്ചു ഭാഗം ഇടിഞ്ഞു വീഴുക പോലും ചെയ്തു..
ശിഷ്യന്‍മാരെല്ലാം പേടിച്ചു നിലവിളിയ്ക്കാന്‍ തുടങ്ങി...,നാലുപാടും ചിതറിയോടി...
ഭൂകമ്പമൊക്കെ കഴിഞ്ഞ് ശാന്തമായപ്പോള്‍ ഗുരു പറഞ്ഞു..
"ഒരു പ്രതിസന്ധി ഘട്ടത്തില്‍ ധ്യാനം ശീലിയ്ക്കുന്നവര്‍ എങ്ങനെ പെരുമാറണം എന്നു മനസ്സിലാക്കാന്‍ ഒരവസരം നിങ്ങള്‍ക്ക് കിട്ടിയിരിയ്ക്കുമല്ലോ...ഞാന്‍ പേടിച്ചില്ലന്നു നിങ്ങള്‍ കണ്ടുവോ? മാത്രമല്ല നിങ്ങളേയെല്ലാം ഞാന്‍ അടുക്കളയിലേയ്ക്കു കൊണ്ടു പോയി...ഈ ക്ഷേത്രത്തിന്റെ ഏറ്റവും ഉറപ്പേറിയ ഭാഗമാണ് അടുക്കള. അതൊരു നല്ല തീരുമാനമായിരുന്നെന്നു നിങ്ങള്‍ക്കു മനസ്സിലായിരിയ്ക്കുമല്ലോ? നമ്മളെല്ലാം യാതൊരു പരുക്കുമില്ലാതെ രക്ഷപെട്ടു......
ഗുരു തുടര്‍ന്നു.....
...എങ്കിലും എനിയ്ക്കും കുറച്ചു പിരിമുറുക്കമുണ്ടായില്ല എന്നു പറയാനാവില്ല....പക്ഷേ ഞാന്‍ അപ്പോള്‍ത്തന്നെ ഒരു അടുക്കളയില്‍ നിന്ന് ഒരു വലിയ ഗ്ലാസ്സ് നിറയേ വെള്ളം കുടിച്ചു....സാധാരണ ഞാനത്രയും വെള്ളം കുടിയ്ക്കാറില്ല......"
ഒരു ശിഷ്യന്‍ നിന്നു ചിരിയടക്കാന്‍ പാടുപെടുന്നത് ഗുരു കണ്ടു..
"എന്തുപറ്റി?...നീയെന്താ ചിരിയ്ക്കുന്നത്.."...അദ്ദേഹം ചോദിച്ചു....
"ഒന്നുമില്ല ഗുരോ...അങ്ങ് കുടിച്ചത്....
അതൊരു ഗ്ലാസ്സ് സോയാ സോസായിരുന്നു"
Thursday, October 12, 2006
മനസ്സ്
മനസ്സ്
കോട്ടയ്ക്കു മുകളില്‍ ഉയര്‍ന്നു പറക്കുന്ന കൊടി കണ്ട് രണ്ട് ശിഷ്യന്മാര്‍ തമ്മില്‍ തര്‍ക്കമായി..
"കൊടി പറക്കുന്നത് കണ്ടില്ലേ.." ഒരുവന്‍ പറഞ്ഞു
"കൊടിയല്ല ..കാറ്റാണ് ചലിയ്ക്കുന്നത്..." കൂട്ടുകാരന്‍ തര്‍ക്കിച്ചു
തര്‍ക്കം മൂത്തു..അവസാനം ഗുരുവിനോട് ചോദിയ്ക്കാം എന്നായി..
"കൊടിയോ കാറ്റോ അല്ല ചലിയ്ക്കുന്നത്, ഗുരു പറഞ്ഞു...
"ചലിയ്ക്കുന്നത് മനസ്സാണ്."
ബ്രഹ്മചര്യം
ബ്രഹ്മചര്യം ആത്മീയോന്നതിയ്ക്ക് വളരെ അത്യാവശ്യമാണെന്ന് എപ്പോഴും ഓര്‍മ്മിപ്പിയ്ക്കുന്ന ഒരു ധ്യാന ഗുരുവുണ്ടായിരുന്നു.
"അതുകൊണ്ട് ഒരു കാരണവശാലും എതിര്‍ലിംഗത്തിലുള്ളവരോട് സംസര്‍ഗ്ഗം പാടില്ല..."
അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഒരു ദിവസം ഗുരുവും പ്രധാന ശിഷ്യനും ഒരു യാത്ര പോയി.
കുത്തൊഴുക്കുള്ള ഒരു നദി അവര്‍ക്ക് കടക്കേണ്ടിയിരുന്നു.
അതിസുന്ദരിയായ ഒരു പെണ്‍കുട്ടിയും നദിക്കരയില്‍ നില്‍ക്കുന്നു.
"എനിയ്ക്കീ നദി കടക്കാന്‍ പേടിയാകുന്നു...നിങ്ങളെന്നെയൊന്നു സഹായിക്കുമോ?’‘
"അതിനെന്താ,വരൂ", ഗുരു അവളെ ചുമലിലെടുത്ത് നദി കടന്നു
ശിഷ്യന്‍ ഇതു കണ്ട് ഞെട്ടിപ്പോയി...
ഗുരു പറഞ്ഞതിന് വിപരീതമായി ചെയ്യുന്നു....
ഗുരുവിന്റെ കൂടെ ചിലവഴിച്ച സമയം വെറുതേയായി എന്നവനു തോന്നി...
വിഷമം കാരണം യാത്രയിലുടനീളം അവനൊന്നും മിണ്ടിയില്ല..
"നീയെന്താ ഒന്നും മിണ്ടാതിരിയ്ക്കുന്നത്."
രാത്രിയില്‍ വഴിയമ്പലത്തില്‍ വച്ച് ഗുരു ചോദിച്ചു.
"നിങ്ങള്‍ ഒരു കള്ളനാണ്..ആ പെണ്‍കുട്ടിയെ ചുമലിലേറ്റിയില്ലേ"
അവന്‍ ദേഷ്യപ്പെട്ടു..
പറഞ്ഞതിന് വിപരീതമായി നിങ്ങള്‍ തന്നെ ചെയ്യുന്നു....."
"മകനേ,..വാല്‍സല്യത്തോടെ ഗുരു ചോദിച്ചു..
"ഞാനവളെ അവിടെത്തന്നെ ഇറക്കിവിട്ടിരുന്നല്ലോ..
നീയിപ്പോഴുമവളെ ചുമന്നു നടക്കുകയാണോ?
Tuesday, October 10, 2006
വിത്തുകള്‍
ഒരു സ്ത്രീ കടയിലേയ്ക്ക് കയറുകയായിരുന്നു.
കടയുടെ ഉടമസ്ഥനായി ദൈവം നില്‍ക്കുന്നത് കണ്ട് അവര്‍ അത്ഭുതപ്പെട്ടു
‘’അങ്ങെന്താണിവിടെ വില്‍ക്കുന്നത്?..അവര്‍ ചോദിച്ചു.
‘’നിന്റെ ഹൃദയം എന്നോടാവശ്യപ്പെടുന്നതെന്തും..’‘
അദ്ദേഹം മറുപടി പറഞ്ഞു.. ..
അവര്‍ക്ക് വിശ്വസിക്കാനായില്ല..എന്തു ചോദിയ്ക്കും?
അവസാനം....
എല്ലാ മനുഷ്യരും ചോദിച്ചേക്കാവുന്ന ഒന്നു തന്നെ അവര്‍ ചോദിച്ചു
"എനിയ്ക്ക് സ്നേഹം, സമാധാനം, അറിവ്, എല്ലാം വേണം..എനിക്കൊരിയ്ക്കലും ഭയമുണ്ടാകരുത്..അതു തരാമോ?"
കുറച്ചു നേരം നിര്‍ത്തി..ആലോചിച്ച് അവര്‍ വീണ്ടും പറഞ്ഞു..
’‘എനിയ്ക്കു മാത്രമല്ല..ലോകത്തെല്ലാവര്‍ക്കും...’‘
ദൈവമൊന്നു മന്ദഹസിച്ചു...സ്നേഹത്തോടെ പറഞ്ഞു..
"കുഞ്ഞേ, ഇവിടെ പഴങ്ങള്‍ വില്‍ക്കാറില്ല, വിത്തുകള്‍ മാത്രമേയുള്ളൂ....."
(പ്രീയ സുഹൃത്തിനോട് കടപ്പാട്)
Monday, October 09, 2006
എല്ലാം നല്ലത്
ബുന്‍സാന്‍ ഒരിയ്ക്കല്‍ ചന്തയിലൂടെ നടക്കുകയായിരുന്നു.
‘’ഈ കടയിലുള്ള ഏറ്റവും നല്ല കഷണം ഇറച്ചി എനിയ്ക്ക് തരൂ.‘’
ഒരു ഇറച്ചിവെട്ടുകാരനോട്, ഒരാള്‍ ആവശ്യപ്പെട്ടു
‘’എല്ലാ കഷണങ്ങളും നല്ലതാണ് ‘’ ,വില്‍പ്പനക്കാരന്‍ പറഞ്ഞു
‘’മോശമായ ഒരു കഷണം ഇറച്ചിയും നിങ്ങള്‍ക്കിവിടെ കാണാനാവില്ല‘’
ഇതു കേട്ട് നിന്ന ബുന്‍സാന് അപ്പോള്‍ തന്നെ ബോധോദയമുണ്ടായത്രേ.
Sunday, October 08, 2006
നിറഞ്ഞ കപ്പ്
ധ്യാനം പഠിയ്ക്കണമെന്ന ആവശ്യവുമായി,
നാന്‍-ഇന്‍ എന്ന ധ്യാനഗുരുവിനെ കാണാന്‍ ഒരു യൂണിവേഴ്സിറ്റി പ്രൊഫെസ്സറെത്തി
ഗുരു അദ്ദേഹത്തെ സ്വീകരിച്ചു,ചായസല്‍ക്കാരത്തിന് ക്ഷണിച്ചു.
പ്രൊഫസ്സറുടെ കപ്പിലേയ്ക്ക് ഗുരു ചായ ഒഴിച്ചുകൊണ്ടേയിരുന്നു..
ചായ പുറത്തേയ്ക്കൊഴുകാന്‍ തുടങ്ങി..
മര്യാദ വിചാരിച്ച്, ആദ്യമൊക്കെ പ്രൊഫെസ്സര്‍ ഒന്നും പറഞ്ഞില്ല..
അവസാനം പറഞ്ഞു..
‘’ഇത് നിറഞ്ഞ് കഴിഞ്ഞു..ഇനിയിതില്‍ ചായയൊഴിച്ചാല്‍ പുറത്ത് പൊയ്ക്കോണ്ടിരിയ്ക്കുകയേയുള്ളൂ’‘
‘’ധ്യാനവും അതുപോലെ തന്നെ‘’ ഗുരു, പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
മനസ്സില്‍ നിറയേ സിദ്ധാന്തങ്ങളും, ഊഹാപോഹങ്ങളും നിറഞ്ഞിരുന്നാല്‍,
ധ്യാനത്തിനെവിടെ സ്ഥലം?
(നാന്‍-ഇന്‍, 1868 മുതല്‍ 1912 വരെ ഇവിടം സന്ദര്‍ശിച്ച മഹാനായ ഒരു ധ്യാനഗുരുവാണ്)
Subscribe to:
Posts (Atom)