Saturday, October 21, 2006

കാരുണ്യം



കാരുണ്യം

ഒരു ജീവന്‍, ഭൂമിയിലേയ്ക്ക് വരുവാനായി തയ്യാറെടുക്കുകയായിരുന്നു...
അത് ദൈവത്തിനോട് പറഞ്ഞു.


"ദൈവമേ..അങ്ങയുടെ സംരക്ഷണമില്ലാതേയും അങ്ങയെ കാണാതേയും ഞാനെങ്ങനെയാണീ ഭൂമിയില് കഴിയുക?അങ്ങയുടെ സാമീപ്യമില്ലാതെ എനിയ്ക്ക് ഒരു നിമിഷം പോലും കഴിയാനാവില്ല..കരയ്ക്ക് പിടിച്ചിട്ട മത്സ്യത്തിനെപ്പോലെയായിപ്പോകുമല്ലോ ഞാന്‍..
ഭഗവാനേ..അങ്ങ് എപ്പോഴും എന്നെ നോക്കിക്കൊള്ളാമെന്നു വാക്കു തന്നാല്‍ മാത്രമേ ഞാന്‍ ഭൂമിയിലേയ്ക്കു പോകുകയുള്ളൂ..."

"കുഞ്ഞേ...ഭഗവാന്‍ പറഞ്ഞു.. ഭൂമിയില്‍ നിന്നോടൊപ്പമെപ്പോഴും ഞാനുണ്ടാവും..
ഒരിയ്ക്കലും ഞാന്‍ നിന്നെ ഒറ്റയ്ക്കാക്കില്ല..."
ആ ജീവന്‍ ഭൂമിയിലെത്തി...ഒരു മനുഷ്യനായി ജീവിതം തുടങ്ങി..

എല്ലാ മനുഷ്യരേയും പോലെ സന്തോഷങ്ങള്‍, ദുരിതങ്ങള്‍, ദുഃഖങ്ങള്‍....

കാലമൊരുപാ‍ട് കഴിഞ്ഞു...അതിന്റെ കെട്ടുകളെല്ലാമഴിഞ്ഞപ്പോള്‍ അത് വീണ്ടും ദൈവത്തിനരികിലെത്തി...

"എങ്ങനേയുണ്ടായിരുന്നു കുഞ്ഞേ നിന്റെ ഭൂമിയിലുള്ള നാളുകള്‍....സുഖമായിരുന്നില്ലേ..? അദ്ദേഹം ചോദിച്ചു.

"അങ്ങെന്നെ പറ്റിച്ചു "..അതിന് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല..

"എപ്പോഴും എന്റെ കൂടെയുണ്ടാകുമെന്ന് പറഞ്ഞിട്ട്?..ഞാനെന്തൊക്കെ ദുഃഖങ്ങള്‍ സഹിച്ചു..ഞാനെത്ര സുഖങ്ങള്‍ അനുഭവിച്ചു...ആരുമില്ലായിരുന്നു എന്റെ കൂടെ.....
ഒരു കൂട്ടിനായി ഞാനെവിടെയെല്ലാം അങ്ങയെ നോക്കി? അങ്ങെവിടെയായിരുന്നു?..അങ്ങയെ കാണാനാകാതെ ഞാന്‍ ...ഇത്രയും നാള്‍ ഒറ്റയ്ക്കായിരുന്നല്ലോ എന്നോര്‍ത്ത് എനിയ്ക്ക് സഹിയ്ക്കാന്‍ പറ്റുന്നില്ല"...
അതിരുന്ന് കരയാന്‍ തുടങ്ങി..


ഭഗവാന്‍ കാരുണ്യത്തോടേ അതിനെ വാരിയെടുത്തു..മൂര്‍ദ്ധാവില്‍ ചുംബിച്ചു..
എന്നിട്ടു പറഞ്ഞു.
" ഞാന്‍ പറഞ്ഞ പോലെ തന്നെ , എപ്പോഴും നിന്റെ കൂടെത്തന്നെയുണ്ടായിരുന്നുവല്ലോ... നീ നോക്കൂ.."


അതിന്റെ കഴിഞ്ഞ ജീവിതം മുഴുവന്‍ ദൈവമതിനു കാണിച്ചു കൊടുത്തു.....

"നീയാ ജീവിതം മുഴുവനുമുള്ള കാല്‍പ്പാടുകള്‍ നോക്കൂ..എപ്പോഴും നാലു കാല്‍പ്പാടുകള്‍ കാണുന്നില്ല്ലേ..ഒന്ന് നിന്റേതും ഒന്നെന്റേതുമാണ്...നിന്റെ പരാതി മാറിയോ..?"

"ഇതെന്താ ചിലയിടത്ത് ഒരാളുടെ കാല്‍പ്പാടുകള്‍ മാത്രമേ കാണുന്നുള്ളുവല്ലോ".?..
അത് സൂക്ഷിച്ച് നോക്കിയിട്ട് ചോദിച്ചു..

"അത് നിന്റെ ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ സമയമായിരുന്നു.."

"എല്ലായ്പ്പോഴും എന്റെ കൂടെയുണ്ടാകും എന്നു പറഞ്ഞിട്ട് ദുരിതങ്ങളില്‍ എന്നെ വിട്ടിട്ടു പോയല്ലേ...ഞാനാലോചിക്കാറുണ്ടായിരുന്നു..ദുഃഖം വരുമ്പോള്‍ ദൈവം പോലും എന്നെ കൈവിട്ടോ എന്ന്..അതു സത്യമാണല്ലേ...?


ദൈവമൊന്നു മന്ദഹസിച്ചു..അതിനെ ഒന്നുകൂടെ ചേര്‍ത്തുനിര്‍ത്തിയിട്ടു സ്നേഹത്തോടെ പറഞ്ഞു..


കുഞ്ഞേ... ദുരിതങ്ങളില്‍ നീ കാണുന്നത് എന്റെ കാല്‍പ്പാടുകളാണ്......


അന്നൊക്കെ നീയെന്റെ ചുമലിലായിരുന്നുവല്ലോ......




******************************************************************


ഒരിടത്ത് ഒരു ഗുരുവും ശിഷ്യനും ഉണ്ടായിരുന്നു
ശിഷ്യന് സന്യാസം വിട്ട് വിവാഹം കഴിയ്ക്കണമെന്ന ആഗ്രഹം കലശലായി..

ആഗ്രഹം ഗുരുവിനെ അറിയിച്ചു..

"നിന്റെയാഗ്രഹമതാണെങ്കില്‍ അങ്ങനെ...
പത്തു കൊല്ലം നിനക്ക് വിവാഹ ജീവിതം നയിയ്ക്കാം..
അതു കഴിഞ്ഞ് ഞാന്‍ വന്നു വിളിയ്ക്കും...എന്റെ കൂടെ ഇറങ്ങിപ്പോരണം.."

ശരി..ശിഷ്യന്‍ സമ്മതിച്ചു..
അനുഗ്രഹവും വാങ്ങി യാത്രയായി..വിവാഹം കഴിച്ച് സുഖമായി ജീവിയ്ക്കാന്‍ തുടങ്ങി..

പത്ത് കൊല്ലമായി...ഗുരു ശിഷ്യന്റെ വീട്ടില്‍ ചെന്നു...
"ഗുരോ...ഇപ്പോഴൊരു കുഞ്ഞുണ്ടായതേയുള്ളൂ..അവന്‍ വലിയ പണ്ഡിതനായിക്കാണാനൊരു മോഹം.. ഒരു പത്തു കൊല്ലം കൂടെ..."
"ശരി മകനേ,...ഞാനിനി പത്ത് കൊല്ലം കഴിഞ്ഞ് വരാം.."

പത്ത് കൊല്ലം പെട്ടന്നങ്ങ് പോയി...ഗുരു വീണ്ടും വന്നു...
"ഗുരോ..ഒരു പെണ്‍കുഞ്ഞുണ്ടായി..ഇതാ എട്ട് വയസ്സാകുന്നു... പത്ത് കൊല്ല്ലം കൂടി കഴിഞ്ഞ് അവളുടെ വിവാഹം...അത് കഴിഞ്ഞ് ഞാന്‍ വരാം..."
ഗുരു കുട്ടികളേയും അനുഗ്രഹിച്ചിട്ട് യാത്രയായി..

വീണ്ടും പത്ത് കൊല്ലം കഴിഞ്ഞു ...ഗുരു വന്നു
"ഗുരോ പേരക്കിടാങ്ങളൊക്കെയായി...ചെറിയ കുട്ടികള്‍...മക്കള്‍ക്കെല്ലാം ജോലിയായി...കുഞ്ഞുങ്ങളെ ഞങ്ങള്‍ തന്നെ നോക്കണം...അവരൊന്ന് വലുതായിക്കോട്ടേ..അവരവരുടെ കാര്യം നോക്കാറാകുമ്പോള്‍ ഞാന്‍ അങ്ങയുടെ കൂടെ വരാം.."
"ശരി മകനേ"...അപ്പോഴും ഗുരു എതിര്‍ത്തൊന്നും പറഞ്ഞില്ല.
പേരക്കിടാങ്ങള്‍ക്കായി കൊണ്ടു വന്ന മധുരം അവര്‍ക്കു നല്‍കി , ഗുരു യാത്രയായി..

പിന്നേയും കാലം കുറേ കടന്നു പോയി..പത്ത് കൊല്ലം കഴിഞ്ഞ് ഗുരുവെത്തി...
"ഗുരോ..അച്ഛന്‍ മരിച്ചു ...ഒരു കൊല്ലമായി..." മകന്‍ പറഞ്ഞു...


ഗുരു അവിടെയൊക്കെ നോക്കി...
വീട്ടു മുറ്റത്തൊരു നായയെ കെട്ടിയിട്ടിരിയ്ക്കുന്നു..ഗുരുവിനാളെ പെട്ടെന്നു മനസ്സിലായി..
"നീ വീണ്ടും ഇവിടെ തന്നെ വന്നുവല്ലേ..ഇപ്പോഴെങ്കിലും എന്റെ കൂടെ വരുന്നോ?..

ഗുരു ചോദിച്ചു..

"ഗുരോ...എന്തുകഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടും പണവുമൊക്കെയാണ്....ഞാനിത് രാത്രി മുഴുവന്‍ നോക്കിയില്ലേല്‍ പിന്നെയാരാണ്..?
..അങ്ങ് ഒരു പത്തു കൊല്ലം കൂടി കഴിഞ്ഞു വരൂ...അപ്പോഴാകാം.."
ശരി ..ഗുരു നടന്നു പോയി..

വീണ്ടും ഒരു പത്തു കൊല്ലം കഴിഞ്ഞു..നായ ചത്തുപോയിരുന്നു..
അതൊരു പാമ്പായി ജനിച്ച് ആ വീട്ടിലെ തന്നെ നിലവറയില്‍ പണപ്പെട്ടിയെ ചുറ്റിയിരിയ്ക്കുന്നു...
വീട്ടുകാര്‍ ആ പാമ്പിനെ കണ്ടു......

കുറേയേറെ തല്ലു കിട്ടിയിരുന്നു ഗുരുവെത്തിയപ്പോള്‍..


"ഇനി തല്ലേണ്ടാ...ഞാന്‍ ഇതിനെ കൊണ്ടു പൊയ്ക്കോളാം..."
ഗുരുവില് വിശ്വാസമുണ്ടായിരുന്ന വീട്ടുകാര്‍ പിന്നെയതിനെ തല്ലിയില്ല...

എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ഗുരു ചോദിച്ചു..

"പോകാം അല്ലേ..."

"ഗുരോ....പോകാം .."

മഹാ കാരുണ്യവാനായ ഗുരു , തല്ലു കൊണ്ട് അവശനായ ആ പാമ്പിനേയുമെടുത്ത് തോളിലിട്ട് യാത്രയായി.....




(ആചാര്യന്‍ ശ്രീ. നൊച്ചൂര്‍ വെങ്കിട്ടരാമനോട് കടപ്പാട്..)

2 comments:

കാളിയമ്പി said...

കുഞ്ഞേ... ദുരിതങ്ങളില്‍ നീ കാണുന്നത് എന്റെ കാല്‍പ്പാടുകളാണ്......


അന്നൊക്കെ നീയെന്റെ ചുമലിലായിരുന്നുവല്ലോ....

മഹാ കാരുണ്യവാനായ ഗുരു , തല്ലു കൊണ്ട് അവശനായ ആ പാമ്പിനേയുമെടുത്ത് തോളിലിട്ട് യാത്രയായി.....

വിനയന്‍ said...

അതിമനോഹരമായിരിക്കുന്നു
ജീവിതം ഒരു ചുഴി പോലെ ആയിതീരുന്നു.പറഞ്ഞു തീര്‍ക്കാതെ,ചെയ്തുതീര്‍ക്കാതെ,കണ്ടു തീര്‍ക്കാതെ, ഒടുവില്‍ മനുഷ്യന്‍ യാത്രയാവും.അതി ദാഹത്തിലും കുടിച്ചു മതിയാവാതെ ജീവിതത്തോടുള്ള ആര്‍ത്തി തീരാതെ മനുഷ്യന്‍ യാത്രയാകും.
പോസ്റ്റ് വായിച്ചപ്പോള്‍ എന്തൊക്കെയോ ഒരു നിര്‍വ്യതി .

നന്ദി